.
പട്ടികവർഗക്കാർക്ക് അടിസ്ഥാന രേഖകൾ
ലഭ്യമാക്കാൻ എബിസിഡി ക്യാമ്പുകൾ ജില്ലയിൽ നടപ്പാക്കുന്നു.
എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കാനും അവ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനും 'അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമെേൻറഷൻ' (എ ബി സി ഡി) ജില്ലയിൽ ആരംഭിക്കുന്നു. നവംബർ 10,11 തിയതികളിൽ മാങ്കുളം പഞ്ചായത്തിലാണ് എബിസിഡി പദ്ധതിയുടെ തുടക്കം. ഇതിൻ്റെ പോസ്റ്ററും ലോഗോയും പ്രകാശനം ചെയ്തു. ഐടി മിഷൻ, പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, അക്ഷയ, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് എബിസിഡി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം നല്‍കുക. വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കും നഷ്ടപ്പെട്ടവർക്കും വിവിധ സർക്കാർ സേവനങ്ങള്‍ ലഭിയ്ക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിൻ്റെ ലക്ഷ്യം.
ഓരോ പഞ്ചായത്തിലെയും പട്ടികവർഗക്കാർക്ക് അടിസ്ഥാന രേഖകളായ ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, ഇലക്ഷൻ ഐഡി എന്നിവ ഉണ്ടോയെന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ എബിസിഡി ക്യാമ്പുകൾ വഴി അവ നൽകാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സൗകര്യവും ക്യാമ്പിൽ ഒരുക്കുന്നുണ്ട്.
രേഖകളുടെ പരിശോധനയ്ക്കും മറ്റുമായി എല്ലാ അനുബന്ധ വകുപ്പുകളെയും ഒരേ ക്യാമ്പിൽ ഉൾപ്പെടുത്തുന്നത് ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കും. അതുവഴി രേഖകൾക്കായി നിരവധി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
Share your comments below