സാമൂഹിക പ്രതിബദ്ധതയും, സംരംഭകത്വ ശേഷിയുമുള്ള പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50 വയസ്സ് (50 വയസ്സ്, 2023 ജൂൺ 30 അടിസ്ഥാനമാക്കി) വരെ പ്രായമുള്ളവർക്ക് ഓൺലൈനിലൂടെ 2023 ജൂലൈ 26 മുതൽ 2023 ആഗസ്ത് 10 വരെ അപേക്ഷിക്കാവുന്നതാണ്.
അക്ഷയ കണ്ണൂർ - കണ്ണൂർ ജില്ലയില്‍ നിലവിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കേണ്ട 43 ലൊക്കേഷനെ സംബന്ധിച്ച വിശദാംശങ്ങൾ,അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ ചുവടെ കൊടുക്കുന്നു.
കണ്ണൂർ ജില്ലയിൽ പുതുതായി അനുവദിച്ചതും നിലവിൽ ഒഴിവുള്ളതുമായ 43 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ സെൻട്രൽപൊയിലൂർ, മാലൂർ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിലേരി, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ തായിനേരി(എസ്.എ.ബി.ടി.എം. സ്ക്കൂൾ), മുതിയലം, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ജാതിക്കൂട്ടം, ഈസ്റ്റ് ചെണ്ടയാട്, കണ്ണൂർ കോർപ്പറേഷനിലെ ആദി കടലായി, വാരം, കുറ്റിക്കകം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ മാങ്കടവ്, കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ മടപ്പുരച്ചാൽ, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിലെ ഐച്ചേരി, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി.ആർ.സി. വായനശാല (ഇരിണാവ്), ഉളിക്കൽഗ്രാമ പഞ്ചായത്തിലെ പേരട്ട, മുണ്ടാനൂർ, മണിപ്പാറ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പൂക്കോട്, ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ മണ്ടൂര്‍, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ കൊവ്വപ്പുറം, ആന്തൂർ മുനിസിപ്പാലിറ്റിയിലെ കോൾമൊട്ട, ഒഴക്രോം, ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കൊയ്യം, കുളത്തൂർ, കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ മൊട്ടമ്മൽ ദേശപ്രിയ വായനശാലക്ക് സമീപം, പായം ഗ്രാമ പഞ്ചായത്തിലെ കരിയാൽ, ഇരിട്ടി മുൻസിപ്പാലിറ്റിയിലെ 19ാം മൈൽ, മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ കാനച്ചേരി ചാപ്പ, കോളയാട് ഗ്രാമ പഞ്ചായത്തിലെ എടയാർ, നെടുംപുറംചാൽ, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ പൊറക്കുന്ന്, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ നിരന്തോട്, തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ കൂവോട്, രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം, പിണറായി ഗ്രാമ പഞ്ചായത്തിലെ ഉമ്മൻചിറ, മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പൊറോറ, വെമ്പടി, പെരിഞ്ചേരി, മണ്ണൂർ, കാര, ധർമ്മടം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ മാനന്തേരി സത്രം എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സംരംഭകത്വ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലൂടെയുള്ളതിരഞ്ഞെടുപ്പ് പ്രക്രിയയാണ് (A-ഫോം മാർക്ക് (ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്), B-ഓൺലൈൻ എക്സാം മാർക്ക്, C-നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് എന്നിവയുടെ ആകെയുള്ള മാർക്കിന്റെ(A+B+C) അടിസ്ഥാനത്തിൽ).
പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50 വയസ്സ് (50 വയസ്സ്, 2023 ജൂൺ 30 അടിസ്ഥാനമാക്കി) വരെ പ്രായമുള്ളവർക്ക് ഓൺലൈനിലൂടെ 2023 ജൂലൈ 26 മുതൽ 2023 ആഗസ്ത് 10 വരെ അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിന് ഡയരക്ടർ അക്ഷയ, എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റും 17-08-2023 തീയതി വൈകുന്നേരം 5 മണിക്കകം കണ്ണൂർ RUBCO ഭവനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, 5ാം നില, റബ്കോ ഭവൻ, സൌത്ത് ബസാർ, കണ്ണൂർ, 670002) തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04972712987 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ
- 1.അപേക്ഷ സമർപ്പിക്കുമ്പോകൾ അസ്സൽ രേഖയുടെ അസ്സൽ രേഖയുടെ സ്കാൻഡ് കോപ്പി തന്നെ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇവ തന്നെ വെരിഫിക്കേഷൻ സമയത്തും ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടില്ല.
- 2.തെറ്റായതും, പൂർണ്ണമല്ലാത്തതും, വ്യക്തമല്ലാത്തതുമായ രേഖകൾ അപ് ലോഡ് ചെയ്യുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
- 3.സ്വന്തമായോ വാടകയ്ക്കോ കെട്ടിട സൌകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുമ്പോൾ അത്തരം മുറികൾക്ക് കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏറിയ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇത് സാധൂകരിക്കുന്ന സർക്കാർ അംഗീകൃത ലൈസൻസുള്ള ബിൽഡിംഗ് സൂപ്പർവൈസർ/ എഞ്ചിനീയർ നൽകുന്ന ലെഔട്ട് പ്ലാനിൽ ബിൽഡിംഗ് നമ്പർ, കടമുറിയുടെ നമ്പർ, സ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലോ/ അപേക്ഷകന്റെ പേരിൽ വാടക കരാർ ഉണ്ടാക്കിയതോ ആയിരിക്കണം. ഇത് സാധൂകരിക്കുന്ന അസ്സൽ രേഖ തന്നെ സ്കാൻ ചെയ്ത് ഒരുമിച്ച് (ലെഔട്ട് പ്ലാൻ+ കെട്ടിട/വാടക/കരാർ/ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്) അപ് ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത കെട്ടിടം/കടമുറി അപേക്ഷ വിളിച്ചിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം.
- 4.പുതുതായി ആരംഭിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ കഴിവതും താഴത്തെ നിലയിൽ തന്നെ ആരംഭിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൈകര്യം, ടോയിലററ് സൌകര്യം നോട്ടീസ് ബോർഡ്, എന്നിവ ക്രമീകരിക്കേണ്ടത് പുതുതായി തെരഞ്ഞെടുക്കുന്ന സംരംഭകരുടെ പൂർണ്ണ ഉത്തരവാദിത്തമാണ്.
- 5.പ്രൊഫഷണൽ ഡിഗ്രി ഉണ്ട് എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അവ പ്രൊഫഷണൽ ഡിഗ്രി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. പ്രൊഫഷണൽ ഡിഗ്രി അല്ലാത്ത ഡിഗ്രികൾ പ്രൊഫഷണൽ ഡിഗ്രി എന്ന തരത്തിൽ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടുള്ളതല്ല.
- 6.അപേക്ഷ സമർപ്പിക്കുമ്പോൾ ഡയരക്ടർ അക്ഷയ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഡയരക്ടർ അക്ഷയ, തിരുവനന്തപുരം എന്ന തരത്തിലല്ലാതെ മറ്റേതെങ്കിലും തരത്തിൽ ഡി.ഡി. എടുത്ത് സമർപ്പിച്ചാൽ അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.
- 7.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റും (Original DD) 17-08-2023 തീയതി വൈകുന്നേരം 5 മണിക്കകം കണ്ണൂർ RUBCO ഭവനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, 5ാം നില, റബ്കോ ഭവൻ, സൌത്ത് ബസാർ, കണ്ണൂർ, 670002) തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. 17-08-2023 തീയതി വൈകുന്നേരം 5 മണിക്ക് ശേഷം തപാൽ മുഖാന്തിരമോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രസ്തുത തുക റിഫണ്ട് ചെയ്യുന്നതുമല്ല.
- 8.അപ് ലോഡ് ചെയ്യുന്ന എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം.
- 9.ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനും അവകാശപ്പെടാനോ(ഇത് പ്രസ്തുത യോഗ്യതയാണെന്ന തരത്തിൽ) പാടില്ല.
- 10.ഒരിക്കൽ സംരംഭകനായി തെരഞ്ഞെടുക്കപ്പെട്ടതും തുടർ സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടതുമായ വ്യക്തിക്ക് അപേക്ഷ സമർപ്പിക്കാൻ സാധ്യമല്ല.
മേൽ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അത് തിരുത്തുന്നതിനോ പുനരപേക്ഷ നൽകുന്നതിനോ സാധ്യമല്ല. അക്ഷയ സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ഇത്തരത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ മേൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
അപേക്ഷകർക്കുള്ള തുടർന്നുള്ള എല്ലാ നിർദ്ദേശങ്ങളും അപേക്ഷയിൽ സമർപ്പിച്ച ഇ-മെയിൽ മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഇ-മെയിൽ വിലാസം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
അപേക്ഷ സമർപ്പിക്കാൻ - http://akshayaexam.kerala.gov.in/aes/registration
Share your comments below