കാസർഗോഡ് ജില്ലയില്‍ അക്ഷയ സംരംഭകരാകാൻ അവസരം സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കാസർഗോഡ് ജില്ലയിലെ 59 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 52 ലൊക്കേഷനിലേക്കും, പട്ടികജാതി വിഭാഗത്തിൽ 5 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്
കാസർഗോഡ് ജില്ലയില്‍ അക്ഷയ സംരംഭകരാകാൻ അവസരം
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കാസർഗോഡ് ജില്ലയിലെ 59 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 52 ലൊക്കേഷനിലേക്കും, പട്ടികജാതി വിഭാഗത്തിൽ 5 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01–01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
- ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ അറിയുന്നതിന് മുകളിലുള്ള ലിങ്ക് കാണുക
- അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ന്‍റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീനമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0499-4227170 എന്ന നമ്പറിലോ adpoksd.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിതപ്രായപരിധിയിൽ വരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.
യോഗ്യത:
- അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതകൾക്കും,വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള 300 sq.ftൽ കുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിടസംബന്ധമായ വിവരങ്ങൾനിർബന്ധമില്ല. പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
ഒന്നാം ഘട്ടം – ഓൺലൈൻ അപേക്ഷ
- അപേക്ഷകർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ഒരു അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആദ്യ ലൊക്കേഷനാണ് മുൻഗണന ലഭിക്കുക.
- OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്.
- അപേക്ഷയിൽ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല അപേക്ഷകന് കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും.
- അഞ്ചുദിവസത്തിൽ കുറയാത്ത അംഗീകൃത Entrepreneurship Development Programme സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
- ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ, Optical Mark Recognition (OMR) പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്.
- ഫോം മാർക്ക് (30) - ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്,
- OMR എക്സാം മാർക്ക് (40)
- നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് (30)
- അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ പരിഗണിക്കുന്നതല്ല.
- അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂർണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകൾ അപ്-ലോഡ് ചെയ്തതായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ, അപേക്ഷകനെ അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.
- സ്വന്തമായോ, വാടകയ്ക്കോ 300 sq.ftൽ കുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ K-SMART പോര്‍ട്ടലില്‍നിന്ന് ലഭിക്കുന്ന ബിൽഡിംഗ് സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് / വാടക കരാര്‍ എന്നിവ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്‍റെ പേരിലുള്ളതോ അപേക്ഷകന്‍റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനിൽ തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകൾഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
- പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെയാകേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം, നോട്ടീസ് ബോർഡ്, നിർദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ക്രമീകരിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം ഉത്തരവാദിത്തമാണ്.
- അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഓൺലൈനായി അടക്കേണ്ടതാണ്. അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല.
- അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷൻ സമയത്ത് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല.
- നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. അത്തരം അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മുഴുവൻ സമയവും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലാത്തതുമാണ്.
- ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം പ്രസ്തുത അപേക്ഷകൾ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്.
- ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്താത്ത വിവരങ്ങൾ/ യോഗ്യതകൾ/രേഖപ്പെടുത്താൻ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതല്ല. നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്.
- അപേക്ഷ സമർപ്പിച്ച്, ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഫോൺനമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
- രണ്ടാം ഘട്ടം - OMR (Optical Mark Recognition)
ഓൺലൈൻ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ, കുറഞ്ഞത് ഒമ്പത് മാർക്ക് നേടിയവർക്കാണ് OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്.
- മൂന്നാം ഘട്ടം – അഭിമുഖം
OMR പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ അഭിമുഖത്തിന് എത്തുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ളതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്.
- റാങ്ക് ലിസ്റ്റ്
ഓൺലൈൻ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും, തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.
- തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത ലൊക്കേഷനിൽ താഴത്തെ നിലയിൽ 300 സ്ക്വയർ ഫീറ്റ് സ്ഥലസൗകര്യവും കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്.
- പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്‍റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Share your comments below